തിരുവനന്തപുരം: സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ്വർക്കിന്റെ പ്രഖ്യാപനവും ചാർട്ടർ അവതരണവും പ്രഥമ അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തിന്റെ പ്രധാന ആകർഷണമാകും. മുസിരിസ് ഹെറിറ്റേജ് പ്രോജക്ട് സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന സമ്മേളനം ജനുവരി ആറു മുതൽ എട്ടു വരെ കൊച്ചി ബോൾഗാട്ടി പാലസിൽ നടക്കും.
കേരളത്തെ സ്പൈസസ് ലക്ഷ്യസ്ഥാനം എന്നതിലുപരി ലോക പൈതൃകത്തിന്റെയും സമുദ്ര നാഗരികതയുടെയും സംഗമസ്ഥാനമായി സ്ഥാപിക്കാനും ഈ വിനിമയസാധ്യതയെ പുനരുജ്ജീവിപ്പിക്കാനും സമ്മേളനം ലക്ഷ്യമിടുന്നു.
പുരാതന സുഗന്ധവ്യഞ്ജന വിനിമയപാതകളെ സമകാലിക ആഗോള ചർച്ചകളുമായി ബന്ധിപ്പിക്കുന്ന ബൗദ്ധിക, സാംസ്കാരിക വേദിയായിട്ടാണു സമ്മേളനത്തെ വിഭാവനം ചെയ്തിരിക്കുന്നത്.
വിഷയാധിഷ്ഠിത അവതരണങ്ങൾക്കുപുറമെ അന്തർദേശീയ പൈതൃക ഇടനാഴികൾ നിയന്ത്രിക്കുകയും നിലനിർത്തുകയും ചെയ്യുക, പൈതൃക ടൂറിസവും സുസ്ഥിരതയും, ടൂറിസത്തിനായി സുഗന്ധവ്യഞ്ജന പാതകളുടെ പുനർവിഭാവനം, ഡിജിറ്റൽ സ്പൈസ് റൂട്ട്സ്, മുസിരിസ് പുനർവിഭാവനം, മേഖലയിലെ വിജ്ഞാന പാരന്പര്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള സാങ്കേതിക സെഷനുകളും ഉണ്ടായിരിക്കും.
22 രാജ്യങ്ങളിൽനിന്നുള്ള 38 വിശിഷ്ട പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമാകും. പ്രമുഖ അക്കാദമീഷ്യന്മാർ, ചരിത്രകാരന്മാർ, പ്രശസ്ത പുരാവസ്തു ഗവേഷകർ, നയതന്ത്രജ്ഞർ, നയരൂപീകരണ വിദഗ്ധർ, ടൂറിസം മേഖലയിലെ പ്രഗത്ഭർ, പ്രശസ്ത കലാകാരന്മാർ , സാംസ്കാരിക പരിശീലകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.